Monday, July 20, 2009

Saturday, July 18, 2009

ജപമാല പ്രാര്‍ഥന

+ പിതാവിന്‍റെയും പുത്രന്‍റെയും പരിശുധത്മവിന്‍റെയും നാമത്തില്‍ . ആമേന്‍



സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സു, സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ, അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരേണമേ, ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ, ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍ നിന്നുംa ഞങ്ങളെ കാത്തുരക്ഷിക്കണമേ , ആമേന്‍




അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന
അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന സര്‍്വേശ്വര കര്‍ത്താവെ എളിയവരും നന്ദിഹീനരും പാപികളും ആയിരിക്കുന്ന ഞങ്ങള്‍ നിസീമ പ്രതാവവാനായ അങ്ങേ സന്നിദിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവ മാതാവിന്‍റെ സ്തുതിക്കായി ജപമാല അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടി ചെയ്യുന്നതിന് കര്‍ത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ.

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ
 ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള്‍ സഹിച്ചു കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു, പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ.

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.

പരിശുദ്ധാത്മാവിന്റെ സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.

ദൈവരഹസ്യങ്ങള്‍

Monday
Tuesday
Wednesday
Thursday 
Friday
Saturday
Sunday

സന്തോഷം
(തിങ്കള്‍ ശനി ദിവസങ്ങളില്‍ )


ഒന്നാം ദൈവരഹസ്യം
പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍‌, ദൈവകല്പനയാല്‍ അങ്ങേ അറിയിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓര്‍ത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍‌‌‌‌‌‌ , ഞങ്ങളുടെ ഹൃദയത്തിലും എപ്പോഴും തന്നെ സംഗ്രഹിച്ചുകൊണ്ടിരിയ്ക്കുവാന്‍ കൃപ ചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു കണ്ടപ്പോള്‍ ആ പുണ്യവതിയ്ക്ക് സര്‍വ്വേശ്വരന്‍ ചെയ്ത കരുണയെ കണ്ട് അങ്ങേയ്ക്കുണ്ടായ അത്യധികമായ സന്തോഷത്തെ ഓര്‍ത്ത് ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ലൗകിക സന്തോഷങ്ങള്‍ പരിത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാന്‍ കൃപചെയ്യണമേ.1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ കന്യാത്വത്തിന് അന്തരം വരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താന്‍ ജ്ഞാനവിധമായി പിറക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ സ്തുതിയ്ക്കുന്നതുകണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ അങ്ങേയ്ക്കു യോഗ്യമായ ദേവാലയമായിരിക്കുവാന്‍ കൃപചെയ്യണമേ

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം ദേവാലയത്തില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുകയില്‍ അങ്ങു തന്നെ കണ്ടെത്തിയതിനാല്‍ അങ്ങേയ്ക്കുണ്ടായ സന്തോഷത്തി‌മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ , തന്നെ ഒരിക്കലും പാപത്താല്‍ വിട്ടുപിരിയാതിരിക്കുവാനും, വിട്ടുപിരിഞ്ഞുപോയാലുടന്‍ മനസ്താപത്താല്‍ തന്നെ കണ്ടെത്തുവാനും കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.






ദുഃഖം

(ചൊവ്വ , വെള്ളി ദിവസങ്ങളില്‍ )


ഒന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പൂങ്കാവനത്തില്‍ വച്ചു നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനക്ലേശത്താല്‍ രക്തം വിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനസ്തപിച്ചു പാപശാന്തി ലഭിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കല്‍‌ത്തൂണില്‍ കെട്ടപ്പെട്ടു ചമ്മട്ടികളാല്‍ അടിയ്ക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ പാപങ്ങളാല്‍ ഉണ്ടാവുന്ന കഠിനശിക്ഷകളില്‍ നിന്നും മനസ്താപത്താലും നല്ല വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്റെ തിരുശിരസ്സില്‍ മുള്‍‌മുടി ധരിപ്പിച്ചു പരിഹാസരാജാവായിട്ട് തന്നെ സ്ഥാപിച്ചതിന്‍‌മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലുള്ള പാപമുള്ളുകളെ മനസ്താപത്താല്‍ പിഴുതുകളയുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹാ മരണത്തിനു വിധിയ്ക്കപ്പെട്ടു ഭാരമേറിയ ശ്ലീവാമരം ചുമന്നു കൊണ്ട് ഗാഗുല്‍ത്താമലയിലേയ്ക്കു പോകുന്നതിന്മേല്‍ ധ്യാനിയ്ക്കുന്ന ഞങ്ങള്‍ ദുഃഖമാകുന്ന ശ്ലീവായെ ക്ഷമാപൂര്‍വ്വം ചുമന്നുകൊണ്ട് തന്നെ അനുഗമിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്താമലയില്‍ വച്ചു അങ്ങേ മുമ്പാകെ ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങേ തിരുപ്പാടുകളും അങ്ങേ വ്യാകുലതകളും പതിപ്പിച്ചരുളണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.





മഹിമ
( ബുധന്‍ , ഞായര്‍ ദിവസങ്ങളില്‍ )


ഒന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ പാടുപെട്ടു മരിച്ചു മൂന്നാംനാള്‍ എന്നന്നേയ്ക്കും ജീവിക്കുന്നവനായി ഉയിര്‍ത്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പാപമാകുന്ന മരണത്തില്‍ നിന്ന് നിത്യമായി ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഉയിര്‍ത്തു നാല്പതാം ദിവസം അനന്തമായ മഹിമപ്രതാപത്തോടുകൂടി മോക്ഷാരോഹണം ചെയ്തതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ചു മോക്ഷഭാഗ്യം പ്രാപിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ആകാശത്തിലേയ്ക്കെഴുന്നള്ളിയതിന്റെ പത്താംനാള്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന തന്റെ ശിഷ്യന്മാരുടെമേലും അങ്ങേമേലും പരിശുദ്ധാത്മാവിനെ യാത്രയാക്കിയതിനാല്‍ ഉണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങള്‍ പരിശുദ്ധാത്മാവിന്റെ പ്രസാദവരത്താല്‍ ദൈവതിരുമനസ്സുപോലെ വ്യാപരിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍ അങ്ങ് ഇഹലോകത്തില്‍ നിന്നും മാലാഖാമാരാല്‍ ആകാശമോക്ഷത്തിലേയ്ക്കു കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയെ ധ്യാനിക്കുന്ന ഞങ്ങളും അങ്ങേ സഹായത്താല്‍ മോക്ഷത്തില്‍ വന്നു ചേരുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! സ്വര്‍ഗ്ഗത്തില്‍ അങ്ങ് എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരന്‍ അങ്ങയെ ത്രിലോക രാജ്ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയെ ധ്യാനിയ്ക്കുന്ന ഞങ്ങളും മോക്ഷാനന്ദഭാഗ്യത്തില്‍ അങ്ങയോടുകൂടെ സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിക്കുവാന്‍ കൃപചെയ്യണമെ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.




പ്രകാശം
( വ്യാഴാഴ്ചകളില്‍ )


ഒന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്നാപകയോഹന്നാനില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച് സകല നീതിയും പൂര്‍ത്തിയാക്കിയതിനെപറ്റി ധ്യാനിയ്ക്കുന്ന ഞങ്ങള്‍ മാമ്മോദീസായില്‍ ലഭിച്ച ദൈവികജീവനും പ്രസാദവരവും കാത്തുസൂക്ഷിയ്ക്കുന്നതിനും പുണ്യ പ്രവൃത്തികളിലുടെ അവയെ പുഷ്ടിപ്പെടുത്തി ഉത്തമ ക്രിസ്ത്യാനികളായി മാതൃകാജീവിതം നയിക്കുന്നതിനും കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


രണ്ടാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ കാനായിലെ കല്യാണവിരുന്നില്‍ അങ്ങയുടെ അപേക്ഷപ്രകാരം വെള്ളം വീഞ്ഞാക്കി ആ കുടുംബത്തിന്റെ അത്യാവശ്യത്തില്‍ അത്ഭുതകരമായ സഹായം നല്‍കിയല്ലോ. ഈ അത്ഭുതത്തെപ്പറ്റി ധ്യാനിയ്ക്കുന്ന ഞങ്ങളുടെ മാനുഷിക ജീവിതത്തെ ദൈവികചൈതന്യം കൊണ്ട് സ്വര്‍ഗ്ഗീയമാക്കിത്തീര്‍ക്കുവാനുള്ള ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


മൂന്നാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാ മനുഷ്യമക്കളെ മാനസാന്തരത്തിനായി ക്ഷണിക്കുകയും, സുവിശേഷഭാഗ്യങ്ങളും ഉപമകളും അരുളിച്ചെയ്തുകൊണ്ട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തുവല്ലോ. ഈ രക്ഷാകരപ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങള്‍ പാപമോചനം എന്ന കൂദാശയിലൂടെ ഹൃദയപരിവര്‍ത്തനം പ്രാപിക്കുവാനും ദൈവരാജ്യത്തിന്റെ സുവിശേഷം മാതൃകാപരമായ ക്രിസ്തീയ ജീവിതത്തിലൂടെ പ്രഘോഷിയ്ക്കുവാനും കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


നാലാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ താബോര്‍ മലയില്‍ വച്ചു രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവികമഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തുവല്ലോ. ഈ ദിവ്യരഹസ്യത്തിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍ ദൈവവിചാരവും പുണ്യപ്രവൃത്തികളും വഴി ജീവിതത്തെ വിശുദ്ധീകരിക്കുവാനും സ്വര്‍ഗ്ഗത്തിലെത്തി ദൈവമഹത്വം കണ്ട് നിത്യമായി ആനന്ദിക്കുവാനും കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.


അഞ്ചാം ദൈവരഹസ്യം
പരിശുദ്ധ ദൈവമാതാവേ! അങ്ങേ തിരുക്കുമാരന്‍ അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചുകൊണ്ട് തന്റെ ശരീരരക്തങ്ങള്‍ ഞങ്ങള്‍‌ക്ക് ആദ്ധ്യാത്മികഭക്ഷണമായി നല്‍കിയല്ലൊ. അത്ഭുതകരമായ ഈ അനന്തസ്നേഹത്തെക്കുറിച്ചു ധ്യാനിക്കുന്ന ഞങ്ങള്‍ വിശുദ്ധ ബലിയിലൂടെയും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയും ദൈവികരായി രൂപാന്തരം പ്രാപിക്കുവാന്‍ കൃപചെയ്യണമേ.

1 സ്വര്‍ഗ്ഗ.

10 നന്മ നിറഞ്ഞ.

1 ത്രിത്വസ്തുതി.

മുഖ്യദൂതനായിരിക്കുന്ന...

മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരയിരിക്കുന്ന
 വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന
 വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ!
 ഞങ്ങളുടെ പിതവായ മാര്‍ തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും, ഞങ്ങള്‍ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.




ലുത്തീനിയ


കര്‍ത്താവേ! അനുഗ്രഹിക്കണമേ,
  (പ്രതിവചനം: “ഞങ്ങളെ അനുഗ്രഹിക്കേണമേ”)
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക ദൈവമായ പരിശുദ്ധ ത്രീത്വമേ,

പരിശുദ്ധ മറിയമേ, (പ്രതിവചനം: “ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ”),
ദൈവത്തിന്‍റെ പരിശുദ്ധ ജനനി
കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവ വരപ്രസാദത്തിന്റെ മാതാവേ,
ഏറ്റവും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തയായ മാതാവേ,
കളങ്കമറ്റ കന്യകയായിരിക്കുന്ന മാതാവേ,
കന്യാത്വത്തിന് ഭംഗം വരാത്ത മാതാവേ,
സ്നേഹത്തിനു ഏറ്റവും യോഗ്യയായ മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
രക്ഷകന്‍റെ മാതാവേ,
ഏറ്റം വിവേക വതിയായ കന്യകേ,
വണക്കത്തിനു ഏറ്റം യോഗ്യയായ കന്യകേ,
സ്തുതിക്ക് യോഗ്യയായിരിക്കുന്ന കന്യകേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിയ്ക്കു യോഗ്യയായിരിക്കുന്ന കന്യകേ,
മഹാ വല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റവും വിശ്വസയായ കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ,
ആത്മജ്ഞാനപൂരിതപാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസാ പുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിര്‍മ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
സ്വര്‍ഗത്തിന്‍റെ വാതിലേ,
ഉഷഃകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഠിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
പൂര്‍വപിതാക്കന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദകന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല വിശുദ്ധന്മാരുടെയും രാജ്ഞി,
അമലോത്ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി.

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിയ്ക്കണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.

സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കല്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ അപേക്ഷകള്‍ അങ്ങു നിരസിക്കല്ലേ! ഭാഗ്യവതിയും ആശീര്‍വ്വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ.

 ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ !സ. സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ.

പ്രാര്‍ത്ഥന    കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന
 ഈ കുടുംബത്തെ തൃക്കണ്‍‌പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശതൃക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകള്‍ ഒക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേന്.

‍പരിശുദ്ധ രാജ്ഞീ...


സര്‍വ്വശക്തനും നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കുവാന്‍ പൂര്‍വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടൂവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ.

ആമ്മേന്‍




















എത്രയും ദയയുള്ള മാതാവ്

BIBLE IN MALAYALAM



അനുഗ്രഹങ്ങള്‍ നേടിത്തരുന്ന അമ്മ


കൊരട്ടി മുത്തിയോടുള്ള പ്രാര്‍ത്ഥന

നന്മ നിറഞ്ഞ കന്യകേ, ദയവുള്ള മാതാവേ, കൊരട്ടി മുത്തി, ഞാന്‍ എന്‍റെ ശരീരവും, ആത്മാവും, ചിന്തകളും, പ്രവര്‍ത്തികളും, ജീവിതവും, മരണവും നിന്നില്‍ ഭരമേല്പ്പിക്കുന്നു. ഓ അമ്മെ, കൊരട്ടിമുത്തി, അങ്ങ് കൈകളിലേന്തിയ ഞങ്ങളുടെ കര്‍ത്താവായ ഉണ്ണി യേശുവിന്‍റെ അനുഗ്രഹത്തില്‍ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും എന്നെ മോചിപ്പിക്കണമേ. അങ്ങയുടെ പുത്രനും എന്‍റെ ദൈവവുമായ യേശുവിന്‍റെ കൃപയും അനുഗ്രഹവും എനിക്ക് ലഭ്യമാക്കണമേ.ഓ മറിയമേ കൊരട്ടിമുത്തി, ഏതിനെക്കാളും ഉപരിയായി പൂര്‍ണ ഹൃദയത്തോടെ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. ഓ എന്‍റെ കൊരട്ടിമുത്തി ദൈവമാതാവേ, എനിക്ക് എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ.എന്‍റെ എല്ലാ അപേക്ഷകളും, വിശിഷ്യ ( ആവശ്യം പറയുക ..................) അങ്ങയുടെ പുത്രനായ യേശുവിന്‍റെ അനുഗ്രഹത്താല്‍ സാധിച്ചുതരുവാനും സഹായിക്കണമേ. അമ്മേന്‍.


പരിശുദ്ധ അമ്മെ കൊരട്ടിമുത്തി, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ( 10 പ്രാവശ്യം ചൊല്ലുക )